ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്ക് ചില സ്വപ്‌നങ്ങളുണ്ടായിരുന്നു. പാഠഭാഗമായ 'ബാപ്പു കാ സപ്നാ' ഈ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചെറുലേഖനമാണ്. ഗാന്ധിജിയുടെ ജീവിതം സത്യം, അഹിംസ, ലാളിത്യം തുടങ്ങിയവയെ അടിസ്ഥാമാക്കിയുള്ളതായിരുന്നു. ഇതെക്കുറിച്ച് ചില വിവരങ്ങള്‍ വായിക്കാം.
സത്യവും അഹിംസയും - ഗാന്ധിജിയുടെ വീക്ഷണത്തില്‍
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. സത്യം, അഹിംസ, ലാളിത്യം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച അദ്ദേഹത്തിന്റെ ജീവിതം ഏവര്‍ക്കും മാതൃകയാണ്. അഹിംസയിലൂന്നിയ സത്യഗ്രഹമെന്ന അദ്ദേഹത്തിന്റെ സമരമാര്‍ഗം ലോകശ്രദ്ധ നേടിയതാണ്. ഈ ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാര്‍ഥം ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍- 2 അഹിംസാദിനമായി ആചരിച്ചുവരുന്നു.ഗാന്ധിജിയുടെ അഭിപ്രായത്തില്‍ സത്യമെന്നാല്‍ ദൈവമാണ്. ജീവിതത്തിന്റെ പരമമായ ലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണെന്നും ഇതിന് സത്യത്തിലൂന്നിയ ജീവിതം അനിവാര്യമാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ജീവിതത്തില്‍ സത്യത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് അദ്ദേഹം തന്റെ ആത്മകഥയ്ക്ക് 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍' എന്ന പേര് നല്‍കിയത്. ഗാന്ധിയന്‍ വീക്ഷണത്തില്‍ അഹിംസയെന്നത് ഹിംസ ചെയ്യാതിരിക്കുക എന്നത് മാത്രമല്ല, സ്വന്തം ശത്രുവിനോടുപോലും ക്ഷമിക്കുകയെന്നതാണ്. തന്റെ ജീവിതകാലമത്രയും അദ്ദേഹം ഈ മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു.
No comments:
Post a Comment